news details image

ആല്‍ഫ പാലിയേറ്റീവ് കെയര്‍ വിഷന്‍ 2030 ശില്‍പ്പശാല ഈരാറ്റുപേട്ടയില്‍

09 May 2024

ഈരാറ്റുപേട്ട: സംസ്ഥാനം മുഴുവന്‍ കാര്യക്ഷമമായ പാലിയേറ്റീവ് കെയര്‍ സേവന ശൃംഖലകള്‍ സ്ഥാപിക്കുന്നതിലൂടെ വേദനയും ദുരിതവുമില്ലാത്ത കാരുണ്യ കേരളം എന്ന ലക്ഷ്യവുമായി രാജ്യത്തെ പ്രമുഖ പാലിയേറ്റീവ് കെയര്‍ ശൃംഖലയായ ആല്‍ഫ പാലിയേറ്റീവ് കെയറിന്‍റെ നേതൃത്വത്തില്‍ ഈരാറ്റുപേട്ടയില്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്കായി ശില്‍പ്പശാല സംഘടിപ്പിച്ചു.

ഈരാറ്റുപേട്ട ഫുഡ്ബുക്ക് ഓഡിറ്റോറിയത്തില്‍ നടന്ന ശില്‍പ്പശാലയില്‍ ആല്‍ഫ പാലിയേറ്റീവ് കെയര്‍ കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്‍ ആമുഖ പ്രഭാഷണം നടത്തി. പാലിയേറ്റീവ് കെയര്‍: വെല്ലുവിളികളും പരിഹാരങ്ങളും എന്ന വിഷയം ആല്‍ഫ ചെയര്‍മാന്‍ കെ.എം.നൂര്‍ദീന്‍ അവതരിപ്പിച്ചു. തുടര്‍ന്ന് ചര്‍ച്ചയും കമ്മിറ്റീ രൂപീകരണവും നടന്നു. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയെയും സമീപ പഞ്ചായത്തുകളെയും ഉള്‍പ്പെടുത്തി പുതിയ ലിങ്ക് സെന്‍റര്‍ തുടങ്ങുന്നതിനായി റജീന സജി - പ്രസിഡന്‍റ്, ജിസ്ന ജോസഫ്- സെക്രട്ടറി, ലാലി കുര്യന്‍- ട്രഷറര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്ക് രൂപം നല്‍കി. സന്നദ്ധപ്രവര്‍ത്തകര്‍ക്കുള്ള പാലിയേറ്റീവ് കെയര്‍ പരിശീലന പരിപാടി ജൂണ്‍ 8ന് ഈരാറ്റുപേട്ടയില്‍ നടത്താനും യോഗം തീരുമാനിച്ചു.

ശില്‍പ്പശാലയ്ക്ക് ആല്‍ഫ പാലിയേറ്റീവ് കെയര്‍ വിഷന്‍ 2030 സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ അംജിത്കുമാര്‍ സ്വാഗതവും കമ്യൂണിറ്റി ഡവലപ്മെന്‍റ് ഓഫീസര്‍ അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

ജാതിമത രാഷ്ട്രീയ സാമ്പത്തിക വേര്‍തിരിവുകളില്ലാതെ സമൂഹത്തിലെ നല്ല മനുഷ്യരുടെ നേതൃത്വത്തില്‍ കഴിഞ്ഞ 19 വര്‍ഷമായി തൃശൂര്‍ എടമുട്ടം ആസ്ഥാനമായി 4 ജില്ലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന, നിലവില്‍ കിടത്തിചികിത്സയുള്ള ഒരു ഹോസ്പീസും 18 ലിങ്ക് സെന്‍ററുകളുമായി വിപുലമായ പാലിയേറ്റീവ് കെയര്‍ ശൃംഖലയാണ് ആല്‍ഫ. രോഗികള്‍ക്കും കുടുംബങ്ങള്‍ക്കും ചുറ്റും കാരുണ്യ സമൂഹങ്ങള്‍ എന്ന കാഴ്ചപ്പാടോടെയാണ് ആല്‍ഫ പ്രവര്‍ത്തിക്കുന്നത്.

2023 ഡിസംബറിലെ കണക്കനുസരിച്ച് 56492 പേര്‍ക്ക് പരിചരണം നല്‍കിയ ആല്‍ഫ നിലവില്‍ 9121 പേര്‍ക്ക് നിരന്തര പരിചരണം നല്‍കിവരുന്നു. ഹോം കെയറും ഫിസിയോ തെറാപ്പിയുമാണ് മുഖ്യ സേവനങ്ങളെങ്കിലും 32 മെഷീനുകളുള്ള ഡയാലിസിസ് സെന്‍ററും പരിചരിക്കാന്‍ ഉറ്റവരില്ലാത്തവരെ സംരക്ഷിക്കാന്‍ 36 മുറികളുള്ള ആഷിസ് കെയര്‍ ഹോമും ആല്‍ഫയുടെڔഭാഗമാണ്.

2030നു മുമ്പ് കേരളത്തിലെ എല്ലാ ജില്ലകളിലും ജനകീയ ഉടമസ്ഥതയിലുള്ള ലിങ്ക് സെന്‍ററുകളും ഹോസ്പീസുകളും സ്ഥാപിച്ച് അനാവശ്യമായി വേദനകളനുഭവിക്കുന്നവര്‍ ഇല്ലാത്ത കേരള സമൂഹത്തിനായുള്ള ആല്‍ഫ പാലിയേറ്റീവ് കെയറിന്‍റെ പദ്ധതിയാണ് വിഷന്‍ 2030


Latest News