ആല്‍ഫ പാലിയേറ്റീവ് കെയര്‍ വിഷന്‍ 2030 ശില്‍പ്പശാല മുവാറ്റുപുഴയില്‍
13 May 2024
മുവാറ്റുപുഴ പാറായീസ് റസിഡന്‍സി ഓഡിറ്റോറിയത്തില്‍ നടന്ന ശില്‍പ്പശാല മുവാറ്റുപുഴ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ പി.പി. എല്‍ദോസ് ഉദ്ഘാടനം ചെയ്തു. ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ കെ.എം.നൂര്‍ദീന്‍ അധ്യക്ഷത വഹിച്ചു. വിഷന്‍ 2030 എറണാകുളം ജില്ലാ ഡയറക്ടര്‍ പ്രൊഫ. ടി.പി. ജമീല സ്വാഗതം പറഞ്ഞു. ആല്‍ഫ പാലിയേറ്റീവ് കെയര്‍ വിഷന്‍ 2030 സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ അംജിത്കുമാര്‍, കമ്യൂണിറ്റി ഡവലപ്മെന്‍റ് ഓഫീസര്‍ ജെഫിന്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.
പാലിയേറ്റീവ് കെയര്‍: വെല്ലുവിളികളും പരിഹാരങ്ങളും എന്ന വിഷയം ആല്‍ഫ ചെയര്‍മാന്‍ കെ.എം.നൂര്‍ദീന്‍ അവതരിപ്പിച്ചു. തുടര്‍ന്ന് ചര്‍ച്ചയും കമ്മിറ്റീ രൂപീകരണവും നടന്നു. മൂവാറ്റുപുഴയെയും സമീപ പഞ്ചായത്തുകളെയും ഉള്‍പ്പെടുത്തി പുതിയ ലിങ്ക് സെന്‍റര്‍ തുടങ്ങുന്നതിനായി സെബി- പ്രസിഡന്‍റ്, അഷ്റഫ്- സെക്രട്ടറി, സിന്ധു സുരേഷ്- ട്രഷറര്‍ എന്നിവരടങ്ങിയ സമിതിയെ തെരഞ്ഞെടുത്തു.
ജാതിമത രാഷ്ട്രീയ സാമ്പത്തിക വേര്‍തിരിവുകളില്ലാതെ സമൂഹത്തിലെ നല്ല മനുഷ്യരുടെ നേതൃത്വത്തില്‍ കഴിഞ്ഞ 19 വര്‍ഷമായി തൃശൂര്‍ എടമുട്ടം ആസ്ഥാനമായി 4 ജില്ലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന, നിലവില്‍ കിടത്തിചികിത്സയുള്ള ഒരു ഹോസ്പീസും 18 ലിങ്ക് സെന്‍ററുകളുമായി വിപുലമായ പാലിയേറ്റീവ് കെയര്‍ ശൃംഖലയാണ് ആല്‍ഫ. രോഗികള്‍ക്കും കുടുംബങ്ങള്‍ക്കും ചുറ്റും കാരുണ്യ സമൂഹങ്ങള്‍ എന്ന കാഴ്ചപ്പാടോടെയാണ് ആല്‍ഫ പ്രവര്‍ത്തിക്കുന്നത്.
2023 ഡിസംബറിലെ കണക്കനുസരിച്ച് 56492 പേര്‍ക്ക് പരിചരണം നല്‍കിയ ആല്‍ഫ നിലവില്‍ 9121 പേര്‍ക്ക് നിരന്തര പരിചരണം നല്‍കിവരുന്നു. ഹോം കെയറും ഫിസിയോ തെറാപ്പിയുമാണ് മുഖ്യ സേവനങ്ങളെങ്കിലും 32 മെഷീനുകളുള്ള ഡയാലിസിസ് സെന്‍ററും പരിചരിക്കാന്‍ ഉറ്റവരില്ലാത്തവരെ സംരക്ഷിക്കാന്‍ 36 മുറികളുള്ള ആഷിസ് കെയര്‍ ഹോമും ആല്‍ഫയുടെڔഭാഗമാണ്.
2030നു മുമ്പ് കേരളത്തിലെ എല്ലാ ജില്ലകളിലും ജനകീയ ഉടമസ്ഥതയിലുള്ള ലിങ്ക് സെന്‍ററുകളും ഹോസ്പീസുകളും സ്ഥാപിച്ച് അനാവശ്യമായി വേദനകളനുഭവിക്കുന്നവര്‍ ഇല്ലാത്ത കേരള സമൂഹത്തിനായുള്ള ആല്‍ഫ പാലിയേറ്റീവ് കെയറിന്‍റെ പദ്ധതിയാണ് വിഷന്‍ 2030.